കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് പരിക്ക്, ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു

death|bignewslive

കോട്ടയം: കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം ജില്ലയിലെ എംസി റോഡില്‍ പള്ളത്താണ് സംഭവം.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പില്‍ ഫര്‍ഹാന ലത്തീഫാണ് മരിച്ചത്. 24 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡില്‍ പള്ളത്തായിരുന്നു അപകടം നടന്നത്.

പാലായിലേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗം ഫര്‍ഹാന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിയ്ക്കുകയായിരുന്നു. ഫര്‍ഹാന റോഡിലേക്ക് തെറിച്ചുവീണു.

അല്‍പ നേരം റോഡില്‍ കിടന്ന ഫര്‍ഹാനയെ ഇതുവഴി എത്തിയ യുവാക്കളാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ചികിത്സയില്‍ കഴിയവെ മരിച്ചു.

കോട്ടയം ലീഗല്‍ തോട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ഫര്‍ഹാന. മുന്‍ ലീഗല്‍ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, എംജി സര്‍വ്വകലാശാല യൂണിയന്‍ അംഗം, ലീഗല്‍ തോട്ട് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ ഫര്‍ഹാന പ്രവര്‍ത്തിച്ചിരുന്നു. സംസ്‌ക്കാരം പിന്നീട്.

Exit mobile version