മോഡി സര്‍ക്കാരിന്റേത് നാടകം; ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില വീണ്ടും വര്‍ധിക്കും: ലാലു പ്രസാദ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ധനവില വീണ്ടും വര്‍ധിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ച നടപടിയിലൂടെ ജനങ്ങള്‍ക്ക് യഥാര്‍ഥ ആശ്വാസം ലഭിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത് അപര്യാപ്തമാണ്. പെട്രോള്‍ വില അഞ്ച് രൂപ കുറച്ച മോഡി സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. ഇന്ധന വില ലിറ്ററിന് 50 രൂപ കുറച്ചാല്‍ അത് ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സയ്ക്ക് വേണ്ടി ന്യൂഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം, പെട്രോള്‍ വില ലിറ്ററിന് 70 രൂപയില്‍ താഴെ കൊണ്ടുവരണമെന്ന് ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. പെട്രോളിന് ലിറ്ററിന് 70 രൂപ വിലയുണ്ടായിരുന്നപ്പോള്‍ അത് വലിയ തുകയായാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 100ന് മുകളിലെത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Exit mobile version