തട്ടമിട്ട ഫോട്ടോ: മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന്റെ അപേക്ഷ തള്ളി പശ്ചിമബംഗാള്‍

കൊല്‍ക്കത്ത: അപേക്ഷാ ഫോമില്‍ തട്ടമിട്ട ഫോട്ടോ പതിച്ചതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കോണ്‍സ്റ്റബിള്‍ ടെസ്റ്റിന് അവസരം നിഷേധിച്ച് പശ്ചിമബംഗാള്‍ പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്.

സെപ്തംബര്‍ 26ന് നടത്താനിരിക്കുന്ന കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ പ്രിലിമിനറി പരീക്ഷ എഴുതാനുള്ള അവസരമാണ് നഷ്ടമായിരിക്കുന്നത്. ആയിരത്തോളം കുട്ടികളുടെ അപേക്ഷയാണ് ഇക്കാരണത്താല്‍ തള്ളിയിരിക്കുന്നത്.

പരീക്ഷാര്‍ത്ഥികളുടെ മുഖം ഒരു കാരണവശാലും മറക്കരുതെന്ന് അപേക്ഷയുടെ നിബന്ധനകളില്‍ പറയുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഫോട്ടോയുടെ സ്ഥാനത്ത് മറ്റൊന്നും ഉപയോഗിക്കരുത്. മുഖം മറച്ചതോ തലമറച്ചതോ സണ്‍ഗ്ലാസ്, ടിന്റഡ് ഗ്ലാസ് തുടങ്ങിയവ ഉപയോഗിച്ചതോ ആയ ഫോട്ടോകള്‍ പാടില്ലെന്നും നിബന്ധനകളിലുണ്ട്.

എന്നാല്‍ ഹിജാബ് ധരിക്കുക എന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് അവസരം നിഷേധിക്കപ്പെട്ട കുട്ടികള്‍ പറയുന്നു.

‘ഞാന്‍ നേരത്തെയും നിരവധി മത്സരപ്പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നേവരെ അതിന്റെ പേരില്‍ തന്റെ അപേക്ഷ തള്ളിയിട്ടില്ല. എന്റെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്’- നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശിയായ സോനാമോനി ഖാത്തൂന്‍ പറയുന്നു.

മത വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുമ്പോള്‍ എങ്ങനെയാണ് ഒരു ബോര്‍ഡിന് അത് നിഷേധിക്കാന്‍ കഴിയുക- മുര്‍ഷിദാബാദില്‍ നിന്നുള്ള സുമിയ യാസ്മിന്‍ ചോദിക്കുന്നു. ഓഫിസറെ കാണാന്‍ ശ്രമിച്ചെങ്കിലും തനിക്ക് അനുമതി നല്‍കിയില്ലെന്ന് തുഹീന ഖാത്തൂന്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ പരാതി ചൂണ്ടിക്കാട്ടി ബോര്‍ഡ് ചെയര്‍മാന് പരീക്ഷാര്‍ത്ഥികള്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങളേയും അവരവരുടെ വിശ്വാസങ്ങളേയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

Exit mobile version