ബിജെപി സിലിണ്ടർ വില 2000 രൂപയാക്കും; വീണ്ടും ഭരണത്തിൽ വന്നാൽ വിറകടുപ്പിലേക്ക് മാറേണ്ടി വരും: മമത ബാനർജി

കൊൽക്കത്ത: ബിജെപി വീണ്ടും കേന്ദ്രത്തിൽ ഭരണം നേടിയാൽ എല്ലാവരും വിറകടുപ്പിലേക്ക് തന്നെ തിരികെ പോകേണ്ടി വരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബിജെപി അധികാരത്തിലെത്തിയാൽ പാചകവാതക വില 2,000 രൂപവരെ ഉയർന്നേക്കുമെന്നാണ് മമത പറഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഝാട്ഗ്രാം ജില്ലയിൽ സംസാരിക്കവെയാണ് മമതയുടെ കുറ്റപ്പെടുത്തൽ. ബിജെപി ജയിച്ചാൽ അവർ പാചകവാതകത്തിന്റെ വില 1500 – 2000 രൂപ വരെ ഉയർത്തിയെന്നുവരും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അടുപ്പിൽ തീ കത്തിക്കാൻ ജനങ്ങൾ വീണ്ടും വിറകുശേഖരിക്കാൻ ഇറങ്ങേണ്ടിവരുമെന്നാണ് മമത പറഞ്ഞത്.

ALSO READ- കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് 26 രൂപകൂട്ടി; വില 1806 രൂപയായി ഉയർന്നു

ബിജെപി വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി തീർക്കാത്തപക്ഷം അവ ബംഗാൾ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ പണിതുടങ്ങിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. അവശേഷിക്കുന്ന നിർമാണം സംസ്ഥാന സർക്കാർ പൂർത്തിയാക്കുമെന്നും മമത പറഞ്ഞു.

Exit mobile version