പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാം: ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഹിജാബ് നിരോധനത്തില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മത്സര പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്തുന്നതിനാണ് അനുവാദം. വിലക്ക് വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി സുധാകര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സര്‍വീസുകളിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഇനി ഹിജാബ് ധരിക്കാമെന്നും ഹിജാബിന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷകളില്‍ ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

2022 ഫെബ്രുവരിയില്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അനിവാര്യമായ കാര്യമല്ലെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

ഹിജാബ് അനുവദിച്ചാല്‍ യൂണിഫോം എന്നതിന് അര്‍ഥമില്ലാതാകും, അത് വിലക്കുന്ന ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഭരണഘടനാപരമായ സമത്വം മുന്‍നിര്‍ത്തിയാണു യൂണിഫോം നടപ്പാക്കുന്നതെന്നും ഹൈക്കോടതി മുന്‍പ് വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനിരിക്കെയാണു സിദ്ധരാമയ്യ സര്‍ക്കാരിന്റെ നിലപാട് മാറ്റം. ഹിജാബ് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ നിലപാട് തിരുത്തുമെന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.

Exit mobile version