ഹിജാബ് നിരോധനത്തിനിടയിലും ഒന്നാം സ്ഥാനം നേടി തബസ്സു; ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ അഭിനന്ദവുമായി ശശി തരൂര്‍

തിരുവനന്തപുരം: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനിടയിലും ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം നേടി തബസ്സും ഷെയ്ഖ്. ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനമാണ് തബസ്സും നേടിയത്.

തബസ്സുവിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ 18-കാരിയായ തബസ്സുമും ഉള്‍പ്പെട്ടിരുന്നു. പരീക്ഷാ സമയത്ത് ഹിജാബ് അഴിച്ചുവച്ചാണ് തബസ്സും അടക്കമുള്ള പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയത്.

‘ഹിജാബ് നിരോധന ഉത്തരവ് വന്നതിന് പിന്നാലെ രണ്ട് ആഴ്ചയോളം കോളേജില്‍ പോയിരുന്നില്ല. എന്നാല്‍ നിയമം അനുസരിക്കാനാണ് എന്നോട് മാതാപിതാക്കള്‍ പറഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ വിദ്യാഭ്യാസം ലഭിച്ചാല്‍ ഭാവിയില്‍ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരേ ശബ്ദിക്കാനാകുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു തന്നു’ തബസ്സും പറഞ്ഞു.

രണ്ടാം വര്‍ഷം പിയുസി പരീക്ഷാ ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. പരീക്ഷയില്‍ 600 ല്‍ 593 മാര്‍ക്കാണ് തബസ്സും നേടിയത്. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടുകയും ചെയ്തു.

Exit mobile version