വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുന്നതിന് ഉത്തരവിട്ടിട്ടില്ല; നിലപാട് വ്യക്തമാക്കി സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിജാബ് നിരോധനം നീക്കാൻ കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിദ്ധരാമയ്യ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് വിശദീകരണം.

സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവവെ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പരന്നു. പിന്നാലെ ബിജെപിയുടെയും വലതുപക്ഷ സംഘടനകളുടെയും വിമർശനം ശക്തമായിരുന്നു.


ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകാൻ കർണാടക സർക്കാർ ഔദ്യോഗികമായി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നിരോധനം അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും എന്നാൽ, വിഷയം ആദ്യം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്.

ALSO READ- എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി, യുവാവിന് 77 വര്‍ഷം കഠിന തടവും, മൂന്നര ലക്ഷം പിഴയും

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചെങ്കിലും കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. വിഷയത്തിൽ സുപ്രീം കോടതിയും ഭിന്നവിധി പുറപ്പെടുവിക്കുകയായിരുന്നു.

Exit mobile version