മൂന്ന് സംസ്ഥാനങ്ങളിലെ വിജയം; ഷിംലയില്‍ അവധി ആഘോഷിച്ച് രാഹുല്‍ ഗാന്ധി; കൂടെ പ്രിയങ്കയും കുടുംബവും

മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ ഷിംലയില്‍ അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയതിനു പിന്നാലെ ഷിംലയില്‍ അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്ക ഗാന്ധിക്കും കുട്ടികള്‍ക്കുമൊപ്പമാണ് രാഹുല്‍ ഹിമാചല്‍പ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയില്‍ എത്തിയിരിക്കുന്നത്.

ഷിംലയില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെയുള്ള ഛരാബ്രയില്‍ നിര്‍മിക്കുന്ന വീടിന്റെ മേല്‍നോട്ടത്തിന് കൂടിയായാണ് പ്രിയങ്കാ ഷിംലയില്‍ എത്തിയത്. ഛരാബ്രയിലെ ഹോട്ടലിലാണ് പ്രിയങ്കയും മക്കളും താമസിക്കുന്നത്.

വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഷിംല സന്ദര്‍ശിക്കാന്‍ പോവുകയാണെന്ന് രാഹുല്‍ പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്നാല്‍ രാഹുലിന്റെ യാത്രകളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സുഖ്‌വീന്ദര്‍ സുഖു പറഞ്ഞു.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് രാഹുല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും രാഹുല്‍ പങ്കെടുത്തിരുന്നു.

Exit mobile version