ആദ്യ ഡോസ് കോവിഷീല്‍ഡ്; രണ്ടാം ഡോസ് നല്‍കിയത് കോവാക്‌സിനും; ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ മാറി നല്‍കിയത് 20 പേര്‍ക്ക്, ആരോഗ്യനില തൃപ്തികരം

UP Govt Hospital | Bignewslive

ലഖ്‌നൗ: ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസായി കുത്തിവെച്ചത് കോവാക്‌സിന്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥിനഗര്‍ ജില്ലയിലാണ് വാക്‌സിന്‍ മാറിപോയത്. 20ഓളം പേര്‍ക്കാണ് വാക്‌സിന്‍ മാറി കുത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍, ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പിഴവിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയിലെ ബധ്‌നി പ്രമൈറി ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് സംഭവം. മെയ് 14-നാണ് ഇവര്‍ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്നത് സംബന്ധിച്ച് യാതൊരു മാര്‍ഗനിര്‍ദേശവും ഇല്ലെന്നും സംഭവിച്ചത് പിഴവാണെന്നും സിദ്ധാര്‍ഥ്‌നഗര്‍ സിഎംഒ സന്ദീപ് ചൗധരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിര്‍ന്ന ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തു. രണ്ടാംഡോസ് വാക്‌സിന്‍ മാറി ലഭിച്ചവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കും’-ചൗധരി അറിയിച്ചു.

Exit mobile version