ഇന്ത്യയിലെ വാക്‌സിനെ അംഗീകരിക്കാതെ ബ്രിട്ടൻ; ഇന്ത്യൻ യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ; വംശവിവേചനമെന്ന് വിമർശനം

ലണ്ടൻ: ഇന്ത്യയിൽനിന്നും കോവിഡ് വാക്‌സിൻ എടുത്ത യാത്രക്കാർ രാജ്യത്തെത്തിയാൽ പത്തുദിവസം നിർബന്ധിത ക്വാറന്റൈൻ പാലിക്കണമെന്ന് ബ്രിട്ടന്റെ നിർദേശം വിവാദത്തിൽ. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധന നടത്തണം. ആഫ്രിക്ക, തെക്കേ അമേരിക്ക, യുഎഇ, തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്‌സിനെടുത്തവർക്കും ഈ ക്വാറന്റൈൻ നിയമ
ങ്ങൾ ബാധകമാണ്.

അതേസമയം, ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശീയ വിവേചനമാണെന്ന വിമർശനവും ഉയർന്നു. ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്‌സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്‌സിന് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയത് വിചിത്രമെന്നാണ് പ്രധാന വിമർശനം. ഇന്ത്യയിൽ നിന്ന് ഇറക്കുമതിചെയ്യുന്ന വാക്‌സിൻ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന രാജ്യത്ത് വെച്ചുതന്നെ വാക്‌സിൻ കുത്തിവെച്ചാൽ അതിന് അംഗീകാരം നൽകാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.

വെള്ളിയാഴ്ച ബ്രിട്ടീഷ് വാർത്താ വിശകലന വിദഗ്ധനായ അലക്‌സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യാത്രാഇളവും നൽകി. നിലവിൽ കോവിഷീൽഡ്, കോവാക്‌സിൻ, സൈഡസ് കാഡില, മൊഡേണ, സ്പുട്‌നിക് വി, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ്-ആസ്ട്രാ സെനെക്ക (എസെഡ്ഡി.1222) എന്നീ ഏഴു വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ അംഗീകാരം. 10 വാക്‌സിനുകൾ പരീക്ഷണഘട്ടത്തിലാണ്.

ഈ നടപടി വംശീയവിദ്വേഷമാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാക്കളായ ജയറാം രമേഷും ശശി തരൂരും രംഗത്തെത്തി. ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണം കാരണം തന്റെ പുസ്തകമായ ബാറ്റിൽ ഓഫ് ബിലോങ്ങിങ്ങിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് കേംബ്രിജ് യൂണിയനിൽ നടക്കുന്ന ചർച്ചയിൽനിന്ന് പിന്മാറുകയാണെന്നും തരൂർ അറിയിച്ചു.

Exit mobile version