ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല : ഡല്‍ഹിയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു

Safdarjang | Bignewslive

ന്യൂഡല്‍ഹി : ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. സഫ്ദര്‍ജങ് ആശുപത്രിയിലെ എമര്‍ജന്‍സി ബ്ലോക്കിന് പുറത്താണ് ആശുപത്രിയുടെ അനാസ്ഥയ്ക്കിരയായി യുവതിക്ക് പ്രസവിക്കേണ്ടി വന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ പൂനം(21) തിങ്കളാഴ്ച തന്നെ പ്രസവത്തിനായി സഫ്ദര്‍ജങ്ങിലെത്തിയിരുന്നു. ചികിത്സ തേടിയെങ്കിലും പ്രസവസമയമായിട്ടില്ല എന്നറിയിച്ച് തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ രാത്രി മുഴുവന്‍ യുവതിയും ബന്ധുക്കളും എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് കഴിച്ചുകൂട്ടി. പിറ്റേ ദിവസം പ്രസവവേദന കലശലായതോടെ യുവതി വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കി.

തുണി കൊണ്ട് താല്‍ക്കാലിക മറ കെട്ടിയാണ് യുവതിക്ക് ബന്ധുക്കള്‍ സൗകര്യമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നിര്‍ദേശത്തില്‍ അഞ്ച് ഡോക്ടര്‍മാരെ ഡ്യൂട്ടിയില്‍ നിന്ന് ഡീബാര്‍ ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ പരിചരണത്തിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായാണ് വിവരം. യുവതിയെ പരിശോധിച്ചിരുന്നുവെന്നും അഡ്മിറ്റ് ആകാനുള്ള പേപ്പറുകള്‍ യുവതി പൂരിപ്പിച്ച് നല്‍കിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Exit mobile version