“ഞാന്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സീനാണ് സ്വീകരിച്ചത്, അതിജീവിക്കുകയും ചെയ്തു” : യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ്

വാഷിംഗ്ടണ്‍ : താന്‍ സ്വീകരിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സീനാണെന്നും അതിജീവിച്ചുവെന്നും യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്. കോവിഡ് വാക്‌സീന് പ്രത്യേക പരിഗണന ആവശ്യമാണോ അതോ ലോകാരോഗ്യ സംഘടനയുടെ സാധൂകരണം മതിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“വളരെ സാങ്കേതികമായ ചോദ്യമാണ് നിങ്ങള്‍ ചോദിച്ചത്. ഞാന്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സീനാണ് സ്വീകരിച്ചത്. രണ്ട് ഡോസും എടുത്തു. അതിജീവിക്കുകയും ചെയ്തു. എനിക്കറിയില്ല എത്ര രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സീന്‍ അംഗീകരിക്കുന്നുണ്ടെന്ന്. പക്ഷേ ഒരു വലിയ വിഭാഗം ആളുകളും ആശ്രയിക്കുന്നത് കോവിഷീല്‍ഡ് വാക്‌സീനാണ്. എന്നാല്‍ ഇതില്‍ കൃത്യമായ ഉത്തരം നല്‍കേണ്ടത് ആരോഗ്യ വിദഗ്ധരാണ്, ഞാനല്ല”. അബ്ദുള്ള പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുടെ ഭാഗമായി നൂറോളം രാജ്യങ്ങളിലായി 66 ദശലക്ഷം വാക്‌സീനാണ് ഇന്ത്യ കയറ്റി അയച്ചത്. ഷാഹിദിന്റെ ജന്മനാടായ മാല ദ്വീപാണ് ഇന്ത്യയുടെ വാക്‌സീന്‍ ലഭിച്ച ആദ്യ രാജ്യങ്ങളിലൊന്ന്. 3.12 ലക്ഷം ഡോസാണ് ഇന്ത്യ അവിടേക്ക് കയറ്റി അയച്ചത്.

Exit mobile version