പഴക്കച്ചവടക്കാരന്‍ ഔഷധശാല ആരംഭിച്ച് ‘ഡോക്ടറായി’: കോവിഡ് രോഗികളെ ചികിത്സിച്ച് ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

നാഗ്പുര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ചികിത്സാ പ്രതിസന്ധിയ്ക്കിടെ വ്യാജ ഡോക്ടര്‍മാരും രംഗത്ത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോവിഡ് രോഗികളെ ഡോക്ടറെന്ന വ്യാജേന ചികിത്സിച്ചിരുന്ന പഴക്കച്ചവടക്കാരന്‍ പിടിയിലായി.

മഹാരാഷ്ട്രയിലെ നാഗ്പുര്‍ കാംതി സ്വദേശിയായ ചന്ദന്‍ നരേഷ് ചൗധരി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പഴവര്‍ഗങ്ങളും ഐസ്‌ക്രീമുമെല്ലാം വില്‍പന നടത്തിയിരുന്നു. കൂടാതെ ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു.

ഇയാള്‍ അഞ്ച് വര്‍ഷം മുമ്പാണ് വ്യാജ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിക്കാന്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഓംനാരായണ മള്‍ട്ടിപര്‍പസ് സൊസൈറ്റി എന്ന പേരില്‍ സൗജന്യ ഔഷധശാല ആരംഭിച്ചത്. ഇതിന്റെ മറവില്‍ ഡോക്ടറാണെന്ന വ്യാജേന രോഗികള്‍ക്ക് ആയുര്‍വേദ-പ്രകൃതി ചികിത്സയും ഇയാള്‍ നടത്തി.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഔഷധശാലയില്‍ കോവിഡ് രോഗികളെയും ചികിത്സിക്കാന്‍ ആരംഭിച്ചു. അടുത്തിടെ ഇയാളുടെ ചികിത്സാരീതികളില്‍ സംശയം തോന്നിയ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.

തുടര്‍ന്ന് ഔഷധശാലയില്‍ റെയ്ഡ് നടത്തിയ പോലീസ് ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് ഒട്ടേറെ ഓക്‌സിജന്‍ സിലിന്‍ഡറുകളും സിറിഞ്ചുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version