മാസ്‌ക് ധരിക്കാന്‍ വിസ്സമ്മതിച്ചു; നാല് പേര്‍ക്ക് വിമാന വിലക്കുമായി അലൈന്‍സ് എയര്‍

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് വിമാന വിലക്കുമായി അലൈന്‍സ് എയര്‍. മാര്‍ച്ച് 16ലെ ജമ്മു-ഡല്‍ഹി യാത്രക്കിടെയാണ് യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചത്. പൈലറ്റും കാബിന്‍ ക്രൂ അംഗങ്ങളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇവര്‍ മാസ്‌ക് ധരിക്കാന്‍ തയാറായില്ല.

തുടര്‍ന്നാണ് അലൈന്‍സ് എയര്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ നാല് യാത്രക്കാരേയും സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറി.

വിമാനയാത്രക്കിടെ കൊവിഡ് മാനദണ്ഡം പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വ്യോമയാനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും മാസ്‌ക് ധരിക്കാന്‍ തയാറാകാത്തവര്‍ക്ക് വിമാനവിലക്ക് ഏര്‍പ്പെടുത്തണമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിര്‍ദേശം വന്നതിന് ശേഷം ആദ്യമായിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാനായി എത്തുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടും. മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും അനുവദിക്കില്ല. മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

നിരുത്തരവാദപരമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി സ്വീകരിക്കാം. മാസ്‌ക് ശരിയായി ധരിക്കാത്തവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍പ്പെടുത്താമെന്നും ഡിജിസിഎ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം.

Exit mobile version