പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറില്‍ നിന്നും പണം മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍

പളളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.

അമ്പലപ്പുഴ: പളളിയില്‍ പ്രാര്‍ത്ഥനക്കെത്തിയവരുടെ സ്‌കൂട്ടറില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഷംനാസ്(20) അഫ്രീദ് (19), ഷുഹൈബ്(20) അന്‍വര്‍ ഷാഫി (18) എന്നിവരെയാണ് പുന്നപ്ര എസ്‌ഐ കെ രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവര്‍ നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പുന്നപ്ര പോലീസ് വ്യക്തമാക്കി.

പുന്നപ്ര മാര്‍ക്കറ്റ് ജംങ്ഷന് പടിഞ്ഞാറ് ജസ്‌ന മന്‍സിലില്‍ നിസാറി (48)ന്റെ
സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 78000 രൂപ മോഷ്ടിച്ച കേസിന്റെ
അന്വേഷണത്തിനിടയിലാണ് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷായും, നാലാം പ്രതി ഷാഫിയും അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാം പ്രതി അഫ്രീദ്, മൂന്നാം പ്രതി ഷുഹൈബ് എന്നിവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ഇതിനിടെ ചൊവ്വാഴ്ച രാത്രി പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഫ്രീദ്, ഷുഹൈബ് എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അരൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കാണന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വഷണത്തില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ മോഷണ കേസില്‍ ഇവര്‍ പ്രതികളാണന്ന് കണ്ടെത്തി.

പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ സ്‌കൂട്ടറിന്റെ സീറ്റിനു താഴെ സൂക്ഷിച്ചിട്ടുളള പണവും മറ്റ് സാധനങ്ങളും സ്ഥിരമായി മോഷ്ടിക്കാറുണ്ടന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ജൂണ്‍ മാസത്തില്‍ പുന്നപ മാര്‍ക്കറ്റ് ജങ്ഷനുകിഴക്കുഭാഗത്തുള്ള പുന്നപ്ര പറവൂര്‍ ഷെഫുല്‍ ഇസ്ലാം പളളിയില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് നിസാറിന്റെ സ്‌കൂട്ടറില്‍ നിന്ന് 78,000 രൂപ ഇവര്‍ മോഷ്ടിച്ചത്.

Exit mobile version