മിണ്ടാപ്രാണിയോട് കൊടുംക്രൂരത! സ്‌കൂട്ടറിന് പിന്നില്‍ നായയെ കെട്ടിവലിച്ചു, യുവാവിനെതിരെ കേസ്

പനങ്ങോട് സൗഗന്ധികത്തില്‍ അനില്‍കുമാറിനെതിരെയാണ് (48) വിഴിഞ്ഞം പോലീസ് കേസെടുത്തു.

തിരുവനന്തപുരം: നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. വിഴിഞ്ഞം വെങ്ങാനൂര്‍ പനങ്ങോട് ചൊവ്വാഴ്ച വൈകുന്നേരമാണ് യുവാവ് മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാട്ടിയത്. സംഭവത്തില്‍ പനങ്ങോട് സൗഗന്ധികത്തില്‍ അനില്‍കുമാറിനെതിരെയാണ് (48) വിഴിഞ്ഞം പോലീസ് കേസെടുത്തു.

നായയുടെ കഴുത്തില്‍ കെട്ടിയ കയറിന്റെ ഒരു വശം സ്‌കൂട്ടറിന് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ട് പോകുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികനായ അനില്‍. ഇതിന്റെ വീഡിയോ അതുവഴി പോകുകയായിരുന്ന നിഖില്‍ മോഹന്‍ എന്ന യുവാവ് ആണ് മൊബൈലില്‍ പകര്‍ത്തിയത്.

പലപ്പോഴായി കെട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഓടിപോകാന്‍ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവ് ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി കൂടിയായ സ്‌കൂട്ടര്‍ യാത്രികന്‍ പനങ്ങോട് ശിവക്ഷേത്രത്തിലെ സമീപം സ്‌കൂട്ടര്‍ നിര്‍ത്തുകയും തുടര്‍ന്ന് ആളുകളെ വിളിച്ചു കൂട്ടുകയും ചെയ്തു.

ഇതിനിടയില്‍ യുവാവ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തി. ഒരു വര്‍ഷം മുമ്പ് കാണാതെപോയ തന്റെ നായയാണ് ഇതൊന്നും അതിനെ കണ്ടെത്തി സ്‌കൂട്ടറിന് പുറകില്‍ കെട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ബൈക്ക് യാത്രികന്‍ പറഞ്ഞത്.

യുവാവ് പകര്‍ത്തിയ ദൃശ്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മൃഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് സ്‌കൂട്ടര്‍ യാത്രികന് എതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തത്.

Exit mobile version