നവജാതശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

പൂര്‍ണിമ ഭുരിയ(20), ഇവരുടെ 12 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, പൂര്‍ണിമയുടെ മാതാവ് ദീപ് ലതാ ധീമര്‍(40), പൂര്‍ണിമയുടെ സഹോദരന്‍ ആകാശ്(11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭോപ്പാല്‍: 12 ദിവസം പ്രായമുള്ള നവജാതശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സെന്‍ ജില്ലയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൂര്‍ണിമ ഭുരിയ(20), ഇവരുടെ 12 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, പൂര്‍ണിമയുടെ മാതാവ് ദീപ് ലതാ ധീമര്‍(40), പൂര്‍ണിമയുടെ സഹോദരന്‍ ആകാശ്(11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, അബോധാവസ്ഥയിലായിരുന്ന പൂര്‍ണിമയുടെ ഭര്‍ത്താവ് ഷന്നു ഭുരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷന്നുവിന്റെ അയല്‍ക്കാരനായ നിതിന്‍ ചൗഹാനാണ് ആദ്യം പോലീസില്‍ വിവരമറിയിച്ചത്. ഫോണില്‍ ഷന്നുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ആരും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് നിതിന്‍ പോലീസില്‍ വിവരമറിയിച്ചത്.

വാതില്‍ പൊളിച്ചാണ് പോലീസ് വീടിനുള്ളില്‍ കടന്നത്. പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ് ഷന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. കാര്‍ബണ്‍ മോണോക്സൈഡ് അതിയായി ശ്വസിച്ചതാവാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version