രാജ്യത്തിന്റേത് മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക്കിന് സമാനമായ അവസ്ഥ; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക്കിന് സമാനമായ അവസ്ഥയാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈനീസ് ആക്രമണം, തകരുന്ന സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത സ്ട്രാറ്റജി ഗ്രൂപ്പ് വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ മോഡി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. ചൈനീസ് അതിക്രമം, രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനം രാജ്യത്തെ ടൈറ്റാനിക്കിന് സമാനമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.

ടൈറ്റാനിക് മഞ്ഞുമലയില്‍ തട്ടി നിരവധി കഷ്ണങ്ങളായി തകര്ന്നതുപോലെ രാജ്യം അനുഭവിക്കുന്ന തൊഴിലില്ലായ്മ, അതിര്‍ത്തിയിലെ കടന്നുകയറ്റം, പ്രതിസന്ധി നേരിടുന്ന സാമ്പത്തിക രംഗം തുടങ്ങിയ വിഷയങ്ങള്‍ നമുക്കു മുന്നില്‍ ചിതറിത്തെറിക്കുന്നുണ്ട്, രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രാധാനമന്ത്രി നരേന്ദ്ര മോഡിയും മാധ്യമങ്ങളും വിഷയത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ അവര്‍ക്ക് പ്രശ്‌നങ്ങളെ ഒളിപ്പിച്ചുവെക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യം മാത്രം കേള്‍ക്കുക എന്ന മോഡിയുടെ സമീപനം തുടരാനാവില്ല.

അതിര്‍ത്തിയില്‍ നമ്മുടെ സൈന്യം അതിക്രമം നേരിടുമ്പോള്‍, ചൈന കൈയ്യേറ്റം നടത്തുന്നില്ലെന്നും അതില്ത്തിയില് ഒന്നും സംഭവിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന് എങ്ങനെ പറയാന്‍ കഴിയുന്നു? നമുക്ക് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Exit mobile version