മുഴുപട്ടിണി; നോട്ടുനിരോധന സമയത്ത് മകന്‍ മരിച്ചു, വിശപ്പകറ്റാന്‍ ഭക്ഷണം കിട്ടാതായതോടെ ഇപ്പോള്‍ അഞ്ചുവയസ്സുകാരി മകളും, നെഞ്ചുതകര്‍ന്ന് ഒരമ്മ

ലക്‌നൗ: പട്ടിണി മൂലം മകനെയും മകളെയും നഷ്ടപ്പെട്ട വേദനയില്‍ ഒരമ്മ. 2016ല്‍ നോട്ടുനിരോധനത്തെ തുടര്‍ന്ന് പണം ഇല്ലാതായതോടെയാണ് ഷീല ദേവിയുടെയുടെ മകന്‍ പട്ടിണികിടന്ന് മരിച്ചത്. ഇപ്പോഴിതാ വിശപ്പകറ്റാന്‍ ഭക്ഷണം കിട്ടാതെ വന്നതോടെ അഞ്ചുവയസുകാരി മകളും മരിച്ചു.

ഉത്തര്‍പ്രദേശിലെ ആഗ്ര ബറോളി അഹിര്‍ ബ്ലോക്കിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി കഴിക്കാന്‍ ഭക്ഷണം പോലും ഉണ്ടായിരുന്നില്ലെന്നും ഷീല പറയുന്നു. കഴിഞ്ഞ മൂന്നുദിവസമായി അഞ്ചു വയസുകാരി പനിയുടെ പിടിയിലായിരുന്നു. കഴിക്കാന്‍ ഭക്ഷണം ഇല്ലാതിരുന്നത് കൊണ്ട് ആരോഗ്യനിലയും വഷളായി.

മകള്‍ക്ക് ഭക്ഷണം നല്കാന്‍ തനിക്ക് സാധിച്ചില്ലെന്നും തനിക്ക് ജോലി കണ്ടെത്താന്‍ കഴിയാതിരുന്നതാണ് മകളുടെ മരണത്തിന് കാരണമായതെന്നും ഷീല പരിതപിക്കുന്നു. ജില്ലാ ഭരണകൂടം വേണ്ട സഹായം നല്‍കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അതേസമയം സംഭവം വിവാദമായതോടെ , ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 2016ല്‍ ഷീലയ്ക്കും ഭര്‍ത്താവിനും മകനെയും നഷ്ടപ്പെട്ടിരുന്നു. പട്ടിണി മൂലമാണ് മകനെയും നഷ്ടമായത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് പണം തീര്‍ന്നുപോയതാണ് മകന്റെ മരണത്തിന് കാരണം. ക്ഷയം ബാധിച്ച് ചികിത്സയിലായിരുന്നു ഭര്‍ത്താവ്. കിടപ്പുരോഗിയായി മാറിയ ഭര്‍ത്താവിന്റെ മരുന്നിന് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നതായി ഷീല പറയുന്നു.

Exit mobile version