രാജ്യത്തെ അഞ്ചുകോടി സത്രീകള്‍ക്ക് ഒരുരൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയെന്ന് മോഡി; അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കുറഞ്ഞനിരക്കില്‍ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതിനെക്കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങള്‍. പാവപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാരിന് എല്ലായ്‌പ്പോഴും ചിന്തയുണ്ടെന്നായിരുന്നു മോഡിയുടെ വാക്കുകള്‍.

ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു കുറഞ്ഞ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയതിനെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും മോഡിയുടെ പരാമര്‍ശം. ആറായിരം ജന്‍ഔഷധി സെന്ററുകളിലൂടെ ഏകദേശം അഞ്ചുകോടി സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകള്‍ ഒരു രൂപ നിരക്കില്‍ ലഭിച്ചുവെന്നും കൂടാതെ സ്ത്രീകള്‍ക്ക് ശരിയായ വിവാഹപ്രായം നിശ്ചയിക്കുന്നതിന് സമിതികളും രൂപവത്കരിച്ചുവെന്നും മോഡി പറഞ്ഞു.

സ്ത്രീകളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനു വേണ്ടിയും ഈ സമിതികള്‍ പ്രവര്‍ത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനയും വ്യോമസേനയും സ്ത്രീകള്‍ക്ക് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ കുറിച്ചും മോഡി പരാമര്‍ശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ആര്‍ത്തവത്തെ കുറിച്ച് പരാമര്‍ശിച്ചത് അപൂര്‍വ്വമാണെന്നാണ് സമൂഹമാധ്യങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് മോഡിയുടെ പരാമര്‍ശത്തെ അഭിനന്ദിച്ചത്.

Exit mobile version