ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ, ഉത്തരവിറങ്ങിയത് പലരും വിമാനം പറത്തുന്ന സമയത്ത്

ന്യൂഡല്‍ഹി: 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍. എയര്‍ ഇന്ത്യയുടെ പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത് ഇവരില്‍ പല പൈലറ്റുമാരും വിമാനം നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 13ന് രാത്രി 10 മണിക്കാണ് കമ്പനി പൈലറ്റുമാരെ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്.

രാജിക്കത്ത് പിന്‍വലിച്ച തീരുമാനം എയര്‍ ഇന്ത്യ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് ഇപ്പോള്‍ ഇവരെ പുറത്താക്കാനുള്ള തീരുമാനം വന്നത്. അടിയന്തിര പ്രാധാന്യത്തോടെ പുറത്താക്കല്‍ നടപടി പ്രാബല്യത്തിലായെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ് വ്യാപനം മൂലം വ്യോമയാന മേഖലയ്ക്കുണ്ടായ പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ സര്‍വ്വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

സമീപകാലത്തെങ്ങും വിമാന സര്‍വ്വീസുകള്‍ സാധാരണഗതിയിലാകുമെന്ന് കരുതുന്നുമില്ല. ഇതുമൂലം കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ശമ്പളം നല്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കമ്പനിയെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം ഒറ്റരാത്രി കൊണ്ട് പൈലറ്റുമാരെ പുറത്താക്കിക്കൊണ്ടുള്ള നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ കൊമേഷ്യല്‍ പൈലറ്റ് അസോസിയേഷന്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Exit mobile version