അതിശക്തമായ മഴ, നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം കനാലിലേക്ക് തകര്‍ന്നുവീണു, ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

കൊല്‍ക്കത്ത: നിര്‍മ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം കനാലില്‍ തകര്‍ന്നുവീണു. പശ്ചിമബംഗാളിലാണ് സംഭവം. കെട്ടിടം ഒന്നായി തകര്‍ന്ന് അടുത്തുള്ള ജലസേചന കനാലില്‍ പതിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ശനിയാഴ്ച രാവിലെയാണ് മിഡ്‌നാപുര്‍ ജില്ലയിലെ നിശ്ചിന്താപുരിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടം നിലംപതിക്കുന്നതിന്റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാധ്യമങ്ങളാണ് പുറത്തു വിട്ടത്. വീഡിയോയില്‍ കെട്ടിടത്തിന്റെ മൂന്ന് നിലകളും ഒരേ സമയം തകര്‍ന്നു വീഴുന്നത് കാണാം.

കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമായിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള കനാലില്‍ ശുചീകരണപ്രവര്‍ത്തനം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമായത്.

കൂടാതെ മണ്‍സൂണ്‍കാലമായതിനാല്‍ പ്രദേശത്ത് അതിശക്തമായി മഴ പെയ്യുകയും ചെയ്തിരുന്നു. കെട്ടിടത്തില്‍ രണ്ടു ദിവസം മുമ്പ് തന്നെ വിള്ളലുകളുണ്ടായതായി സൂചനയുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

Exit mobile version