പൊറോട്ട റൊട്ടിയല്ല; 18 ശതമാനം ജിഎസ്ടി ഈടാക്കാൻ ഉത്തരവ്; ‘ഫുഡ് ഫാസിസം’ എന്ന് സേഷ്യൽമീഡിയ; പ്രതിഷേധം

ബംഗളൂരു: സോഷ്യൽമീഡിയയിൽ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്നത്. പൊറോട്ട റൊട്ടിയല്ലാത്തതിനാൽ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്.

റെഡി ടു ഈറ്റ് വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുകയും അഞ്ചു ശതമാനം ജിഎസ്ടി ചുമത്താനും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് എഎആറിനെ സമീപിച്ചപ്പോഴാണ് റൊട്ടി വിഭാഗത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാകില്ലെന്ന തരത്തിൽ ഉത്തരവുണ്ടായിരിക്കുന്നത്.

ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡ്ഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റൊട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്.

അതേസമയം, പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനം അംഗീകരിക്കില്ലെന്ന് മലയാളികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ തീരുമാനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തിൽനിന്നുള്ളവർ ‘ഫുഡ് ഫാസിസം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പൊറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്നും ഇവർ വാദിക്കുന്നു.

Exit mobile version