‘കല്ല്യാണത്തിനായി മാറ്റിവെച്ച തുക അതിഥി തൊഴിലാളികളുടെ വിശപ്പകറ്റാന്‍ ചെലവഴിച്ച് ഒരു ഓട്ടോ ഡ്രൈവര്‍’; കൂടാതെ സൗജന്യ യാത്രയും; ഇത് കാരുണ്യത്തിന്റെ നേര്‍ക്കാഴ്ച

പൂണെ: രാജ്യത്ത് പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അനേകായിരം തൊഴിലാളികള്‍ക്കാണ് ജോലി ഇല്ലാതായത്. തൊഴില്‍ ഇല്ലാതായതോടെ ആയിരക്കണക്കിന് ആളുകള്‍ പട്ടിണിയിലായി. അതിഥി തൊഴിലാളികളാണ് ഇതില്‍ ഏറ്റവും കഷ്ടത അനുഭവിക്കുന്ന വിഭാഗം. ഇവരെ സഹായിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.

അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പൂണെയില്‍ നിന്നും വരുന്നത്. തന്റെ വിവാഹത്തിനായി കരുതിവച്ച തുക അതിഥി തൊഴിലാളികളുടെ വിശപ്പകറ്റാന്‍ ചെലവിട്ടിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. പൂണെ സ്വദേശിയായ അക്ഷയ് കോത്തവാലെ എന്ന 30കാരനാണ് മറ്റുള്ളവര്‍ക്ക് മാതൃകയായി രംഗത്ത് വന്നിരിക്കുന്നത്.

തന്റെ വിവാഹത്തിന് കരുതി വച്ചിരുന്ന രണ്ട് ലക്ഷം രൂപയാണ് മറ്റുള്ളവരുടെ വിശപ്പകറ്റാന്‍ അക്ഷയ് ചെലവഴിച്ചിരിക്കുന്നത്. മെയ് 25നാണ് അക്ഷയ്‌യുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് പൂണെയില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളുടെ ദുരവസ്ഥ അക്ഷയ്‌യുടെ ശ്രദ്ധയില്‍ പെടുന്നത്.

അവരുടെ അവസ്ഥ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തന്റെ കല്ല്യാണത്തിന് കരുതി വച്ചിരുന്ന പണം അക്ഷയ് ഉപയോഗിക്കുകയായിരുന്നു. ‘ഒരുനേരത്തെ ഭക്ഷണം പോലുമില്ലാതെ, അതിജീവിക്കാന്‍ പാടുപെടുന്ന നിരവധി ആളുകളെ റോഡുകളില്‍ ഞാന്‍ കണ്ടു. ഞാനും എന്റെ ചില കൂട്ടുകാരും ദൈനംദിന കൂലിപ്പണിക്കാരെയും ആവശ്യമുള്ളവരെയും സഹായിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. അതിനായി എന്റെ സമ്പാദ്യം ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറായി. ഒരു താല്‍കാലിക അടുക്കള ഒരുക്കിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. പിന്നീട് ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിന് എത്തിക്കും,”അക്ഷയ് കോത്തവാലെ പറയുന്നു. തന്റെ കയ്യിലുള്ള പണം തീര്‍ന്നാലും മറ്റുള്ളവരുടെ സഹായത്തോടെ ഈ പ്രവൃത്തി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.’

ഭക്ഷണം വിതരണം കൂടാതെ മറ്റ് നിരവധി കാരുണ്യ പ്രവൃത്തികളിലും അക്ഷയ് സജീവമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ആശുപത്രിയിലേക്ക് സൗജന്യ യാത്ര നല്‍കുന്നതിനൊപ്പം കൊവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളും അക്ഷയ് ചെയ്യുന്നുണ്ട്.

Exit mobile version