നിയന്ത്രണം വിട്ട ബസ് പാഞ്ഞ് കയറി, നാടണയും മുമ്പ് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: നാടണയും മുമ്പ് വീണ്ടും അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാട്ടിലേക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ലോക്‌ ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും തങ്ങളുടെ സ്വദേശമായ ബിഹാറിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മേല്‍ നിയന്ത്രണംവിട്ടെത്തിയ ബസ് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചു.

ബസില്‍ ആരുമുണ്ടായിരുന്നുല്ലെന്നും അപകടം നടന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അതേസമയം, മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കൂടിവരികയാണ്.

ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 അതിഥി തൊഴിലാളികളാണ് തീവണ്ടിയിടിച്ച് മരിച്ചത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. മറ്റ് നിരവധി അപകടങ്ങള്‍ ഇതിന് പിന്നാലെയും സംഭവിച്ചിട്ടുണ്ട്.

Exit mobile version