കാല്‍ലക്ഷം കടന്ന് രോഗബാധിതര്‍, മഹാരാഷ്ട്രയിലെ സ്ഥിതി അതിഗുരുതരം, കൊറോണയില്‍ പകച്ച് മുംബൈ

മുംബൈ: രാജ്യത്തെ ഒന്നടങ്കം ആശങ്കയുടെ മുള്‍മുനയിലാക്കി മഹാരാഷ്ട്രയിലെ കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ കൊറോണ രോഗികളുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 54 പേരാണ്.

മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 25,922 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 1495 പേര്‍ക്ക് രോഗം പിടിപെട്ടു. 54 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 975 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളതും മരണം സംഭവിച്ചതും മുംബൈയിലാണ്. മുംബൈയിലെ സ്ഥിതി അതിഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15747 രോഗികളും മുംബൈയിലാണ്.

മരണസംഖ്യ 596 ആയി ഉയര്‍ന്നു. പുണെയിലും താനെയിലും മൂവായിരത്തോളമാണ് രോഗികളുടെ എണ്ണം. അതേസമയം, സംസ്ഥാനത്ത് 5547 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി എന്ന വാര്‍ത്ത കൊറോണ ഭീതിക്കിടയില്‍ നേരിയ ആശ്വാസമേകുന്നു. ബുധനാഴ്ച മാത്രം 422 പേര്‍ രോഗമുക്തരായി.

Exit mobile version