കൊറോണ, ചികിത്സയില്‍ കഴിയുന്നതിനിടെ ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എകെ ത്രിപാഠി മരിച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ അംഗം റിട്ട. ജസ്റ്റിസ് എകെ ത്രിപാഠി (62) കൊറോണ വൈറസ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിനാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിയവെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തുടര്‍ന്ന് കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ക്കും ജോലിക്കാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രണ്ടുപേരും പിന്നീട് രോഗമുക്തരായി.

ഛത്തീസ്ഗഢ് ഹൈക്കോടതി മുന് ചീഫ് ജസ്റ്റിസായിരുന്നു എകെ ത്രിപാഠി . ലോക്പാലിലെ നാല് ജുഡീഷ്യല്‍ അംഗങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version