ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചെത്തി, ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കൊറോണ; ഇത്രയും പേര്‍ക്ക് മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ എന്തിന് അനുമതി നല്കിയെന്ന് വിമര്‍ശനം

മുംബൈ: മൃതദേഹവുമായി ആംബുലന്‍സില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിലെ ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഓട്ടോറിക്ഷ ഡ്രൈവറായ 56 കാരന്റെ മൃതദേഹവുമായി മുംബൈയില്‍ നിന്ന് കര്‍ണാടകയിലേയ്ക്ക് യാത്ര ചെയ്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മൃതദേഹവുമായി മാണ്ഡ്യയില്‍ എത്തിയവര്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. 56കാന്റെ മൃതദേഹം മഹാരാഷ്ട്രയില്‍ നിന്ന് അധികൃതരുടെ അനുമതി വാങ്ങിയ ശേഷമാണ് ബന്ധുക്കള്‍ ആംബുലന്‍സില്‍ സ്വന്തം നാട്ടിലേയ്ക്ക് കൊണ്ടുപോയത്.

മുംബൈയില്‍ നിന്നും വന്നതിനാല്‍ ശവസംസ്‌കാരത്തിനുശേഷം, ബന്ധുക്കളായ ആറുപേരെയും മാണ്ഡ്യയിലെ അധികാരികള്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ചയാളുടെ ഭാര്യയുടെ ഫലം നെഗറ്റീവാണ്.

മരിച്ച വ്യക്തിയുടെ മകനും സ്വകാര്യ ബാങ്കില്‍ ജോലിക്കാരനുമായ യുവാവിനാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ കുടുംബം ഒരു സ്ത്രീക്കും മകനും ലിഫ്റ്റ് നല്കിയിരുന്നുവെന്നും അവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ തുടര്‍ന്ന് മുംബൈയിലെ അധികൃതരെ കുറ്റപ്പെടുത്തി പ്രാദേശിക ഭരണകൂടം രംഗത്തെത്തി.’ ഇത് മുംബൈ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ആറ് പേര്‍ക്ക് മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ അവര്‍ എന്തിനാണ് അനുമതി നല്കിയത്. അതും പരിശോധന നടത്താതെ ഒരു റെഡ് സോണില്‍ നിന്ന്.’- മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എംവി വെങ്കിടേഷ് പറഞ്ഞു. മാണ്ഡ്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 14 ആയി.

Exit mobile version