കൊറോണ; ഇന്ത്യയും ആശങ്കയുടെ മുള്‍മുനയില്‍, മരണസംഖ്യ 256 ആയി, 8063 പേര്‍ക്ക് രോഗബാധ; അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഇന്ത്യയിലും കൊറോണ മരണവും രോഗബാധിതരുടെ എണ്ണവും ഉയരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം 256 ആയി. ഇതുവരെ 8063 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ മാത്രം പുതിയ 116 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്.

പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ്. ഒരു രോഗിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് ബോക്കാരോ ആശുപത്രിയിലെ 50 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി.

കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ 2 ലക്ഷം കേസുകള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷന്‍ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകത്താകമാനം മരണ സംഖ്യ ഒരുലക്ഷം കടന്നിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 16 ലക്ഷവും കടന്ന് കുതിച്ചുയരുകയാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 20000ത്തോളം പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്തെ സ്ഥിതി അതീവഗുരുതരമായി മാറിയിരിക്കുകയാണ്.

Exit mobile version