കീമോ മുടങ്ങാതിരിക്കാൻ 130 കിലോമീറ്റർ സൈക്കിൾ ചവിട്ടി കാൻസർ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിച്ച് ഈ ഭർത്താവ്; ബിഗ് സല്യൂട്ട് നൽകി പോലീസും ഡോക്ടർമാരും

പുതുച്ചേരി: കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാൻ 130 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ഈ കർഷക തൊഴിലാളി. ഭാര്യയെ കൃത്യസമയത്ത് തന്നെ കീമോ തെറാപ്പിക്ക് എത്തിക്കാനായാണ് ഭർത്താവ് അരിവാഗൻ ഇത്രദൂരം സൈക്കിൾ ചവിട്ടിയത്. കുംഭകോണം മുതൽ പുതുച്ചേരിവരെയാണ് ഭാര്യയേയും കൊണ്ട് അരിവാഗൻ സൈക്കിൾ ഓടിച്ചത്. അരിവാഗന്റെ ഭാര്യയ്ക്ക് ക്യാൻസറിനുള്ള ചികിത്സ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്‌മെർ)നടന്ന് വരികയാണ്. മാർച്ച് 31നായിരുന്നു കീമോ.

അതേസമയം, ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കാൻ അദ്ദേഹം നടത്തിയ ശ്രമത്തെ ജിപ്‌മെറിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പ്രശംസിക്കുകയും ചെയ്തു. ഭാര്യ മഞ്ജുളയ്ക്ക് മൂന്നാമത്തെ കീമോതെറാപ്പിയാണ് ചെയ്യാനുണ്ടായിരുന്നത്.

ലോക്ക് ഡൗൺ ആണെങ്കിലും ഭാര്യയെ സൈക്കിളിലെങ്കിലും ആശുപത്രിയിലെത്തിക്കുമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും ഉപദേശം അവഗണിച്ച അരിവാഗൻ തന്റെ സൈക്കിളിൽ മഞ്ജുളയെയും കൊണ്ട് പുതുച്ചേരിയിലേക്ക് തിരിക്കുകയായിരുന്നു. അരിവാഗനും മഞ്ജുളയും മാർച്ച് 30ന് രാത്രിയിലാണ് യാത്ര ആരംഭിച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തിയെന്ന് അരിവാഗൻ പറയുന്നു.

യാത്രയ്ക്കിടെ, പോലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ച് നിർത്തുകയും ചോദ്യം ചെയ്തപ്പോൾ ഭാര്യയെ കൊണ്ട് ആശുപത്രി പോവുകയാണെന്നും കൈയ്യിലുള്ള മെഡിക്കൽ റെക്കോർഡ്‌സ് കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിലെത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ച പോലീസുകാർ ദമ്പതികൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും അവർക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുകയും ചെയ്തു. മാർച്ച് 31 ന് പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുരിഞ്ചിപാടിയിൽ മാത്രമാണ് അരിവാഗൻ നിർത്തിയത്. ഇരുവരും കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്തുകയും ചെയ്തു.

Exit mobile version