എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ഭാഗ്യത്തിന് ജീവന്‍ രക്ഷപ്പെട്ടു; ബസ്സിലെ യാത്രക്കാരന്‍ പറയുന്നു

കോയമ്പത്തൂര്‍: എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. ഭാഗ്യത്തിന് ജീവന്‍ രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ ബസ്സപകടത്തില്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ട മലയാളി പറയുന്നു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേരാണ് മരിച്ചത്.

ഡ്രൈവറുടെ സൈഡില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ബസ്സിലെ എല്ലാവരും നല്ല ഉറക്കമായിരുന്നു. അതിനിടെയായിരുന്നു ഒരു ശബ്ദം കേട്ടത്. പിന്നെ ഒന്നും ഓര്‍മ്മയില്ല. ഉറക്കം എഴുന്നേറ്റപ്പോള്‍ ഞാനിപ്പോള്‍ കോയമ്പത്തൂര്‍ കെഎംസിഎച്ച് ഹോസ്പിറ്റലില്‍ ആണ്. ഇവിടെ എനിക്കൊപ്പം ബസില്‍ ഉണ്ടായ രണ്ടുയാത്രക്കാര്‍ കൂടിയുണ്ട്.

ഒരാളുടെ പേര് അഖില്‍എന്നും മറ്റേയാളുടെ പേര് ജെമിന്‍ എന്നുമാണ്. രണ്ടുപേര്‍ക്കും ചെറിയതോതിലുള്ള പരിക്കുകളേ ഉള്ളൂ. ഞങ്ങള്‍ മൂന്നുപേരും ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നും രക്ഷിതാക്കള്‍ കൊണ്ടുപോകാനായി എത്തിയിട്ടുണ്ടെന്നും യാത്രക്കാരന്‍ പറയുന്നു. ബസ്സിന്റെ നടുഭാഗത്താണ് കണ്ടെയ്‌നല്‍ ലോറി വന്നിടിച്ചിരിക്കുതെന്നും മരിച്ചവരില്‍ ഏറെ പേരും അവിടെ ഇരുന്നവരായിരിക്കണമെന്നും ഇനിയും അപകടത്തിന്റെ ഞെട്ടല്‍ മാറാത്ത സ്വരത്തില്‍ യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു

Exit mobile version