റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. വൈഫൈയേക്കാളും ഇന്ത്യയില്‍ ഇന്ന് കൂടുതല്‍ ആളുകളും മൊബൈല്‍ ഡാറ്റ ആണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

റെയില്‍ടെലിന്റെ സഹകരണത്തോടെ 2015ലാണ് ഗൂഗിള്‍ ഫ്രീ വൈഫൈ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. നിലവില്‍ 5600ഓളം റെയില്‍വേ സ്റ്റേഷനുകളിലാണ് സൗജന്യ ഇന്റര്‍നെറ്റ് സേവനം ഉള്ളത്. റെയില്‍ടെല്‍ ഗൂഗിളിന്റെ ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പോടു കൂടിയാണ് ഈ പദ്ധതി ആരംഭിച്ചത്. 2019ലെ ട്രായി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

‘നിലവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വളരെ ലളിതവും വില കുറഞ്ഞതുമായിരിക്കുകയാണ്. ആഗോളതലത്തില്‍ കണക്ടിവിറ്റി മെച്ചപ്പെടുകയും ആളുകള്‍ക്ക് താങ്ങാവുന്ന വിധത്തിലേക്ക് ഇന്റര്‍നെറ്റ് സേവനം മാറിയിട്ടുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്’ എന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും അവര്‍ അറിയിച്ചു. അതേസമയം, റെയില്‍ടെല്‍ തുടര്‍ന്നും സൗജന്യ വൈഫൈ സേവനം രാജ്യത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

Exit mobile version