മേലുദ്യോഗസ്ഥനടക്കം നാല് പേരെ ട്രെയിനിൽ കൊലപ്പെടുത്തി; ആർപിഎഫ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ മേലുദ്യോഗസ്ഥനേയും മൂന്ന് യാത്രക്കാരേയും വെടിവെച്ച് കൊന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിങ് ചൗധരിയെ ആണ് റെയിൽവേ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

ജൂലൈ 31-നാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ആർപിഎഫ് എഎസ്‌ഐ ടിക്കറാം മീണയെന്ന ഉദ്യോഗസ്ഥൻ, യാത്രക്കാരായ അബ്ദുൾ ഖാദർ മുഹമ്മദ് ഹുസൈൻ, സയിദ് സൈഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റിലായ ചേതൻസിങ് നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. 33 കാരനായ ചേതൻസിങ് ട്രെയിനിൽ കൂടുതൽ ആളുകളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവം നടന്ന എസ് 5 കോച്ചിലെ യാത്രക്കാർ ബഹളം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഇത് നടക്കാതെ പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇയാൾക്കെതിരെ മുമ്പ് ഒരു മുസ്ലിം യുവാവിനെ അക്രമിച്ചതിനെ തുടർന്നുള്ള ‘വിദ്വേഷ കേസ്’ അടക്കം മൂന്ന് തവണ നിയമ നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് സംഭവങ്ങളിലും ചേതൻസിങ്ങിന് വകുപ്പുതല നടപടികൾ നേരിടേണ്ടിവന്നിരുന്നു.

ALSO READ- വാരപ്പെട്ടിയിലെ കെഎസ്ഇബിയുടെ വാഴവെട്ട്; കർഷകന് 3.5 ലക്ഷം നഷ്ടപരിഹാരം നൽകി; എംഎൽഎ നേരിട്ടെത്തി പണം കൈമാറി

ഉജ്ജയിനിൽ ആർപിഎഫ് ഡോഗ് സ്‌ക്വാഡിലായിരുന്ന സമയത്ത് ഇയാൾ 2017 ഫെബ്രുവരിയിൽ ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്ത് ഒരു കാരണവുമില്ലാതെ വാഹിദ് ഖാൻ എന്ന ആളെ പിടികൂടി മർദിച്ചിരുന്നു. 2011-ൽ ഹരിയാനയിലായിരുന്നപ്പോൾ സഹപ്രവർത്തകന്റെ എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചതിനും നടപടി നേരിട്ടിട്ടുണ്ട്. ഗുജറാത്തിലായിരുന്നപ്പോൾ സഹപ്രവർത്തകനെ അക്രമിച്ച സംഭവത്തിലാണ് നടപടി നേരിട്ടത്.

Exit mobile version