റെയിൽപാളത്തിൽ പടക്കത്തിന് തീകൊളുത്തി തുള്ളിച്ചാടി യൂട്യൂബർ;’ഈ അക്രമിക്കെതിരെ നടപടി എടുക്കൂ’ എന്ന് ഇന്ത്യൻ റെയിൽവേയോട് പ്രേക്ഷകർ!

റെയിൽവേ പാളത്തിൽ പടക്കം കൂട്ടിവെച്ച് തീകൊളുത്തി ആഘോഷിച്ച വ്‌ളോഗർക്ക് എതിരെ ജനരോഷം പുകയുന്നു. സോഷ്യൽമീഡിയയിലൂടെയാണ് പടക്കത്തിന് തീകൊളുത്തുന്ന വിഡിയോ വ്‌ളോഗർ പുറത്തുവിട്ടത്. ഫുലേര-അജ്മീർ സെക്ഷനിലെ ദന്ത്രാ സ്റ്റേഷന് സമീപമാണ് സംഭവം.

സ്‌നേക്ക് ഫയർവർക്‌സ് എന്ന് അറിയപ്പെടുന്ന പാമ്പ് ഗുളികയെന്ന് പറയപ്പെടുന്ന പടക്കമാണ് ട്രാക്കിന് നടുവിൽ വച്ച് യുവാവ് തീകൊളുത്തിയത്. പിന്നാലെ ഇതിൽ നിന്നും കട്ടിയുള്ള കറുത്ത പുക ഉയരുന്നതോടെ യുവാവ് ആർപ്പുവിളിക്കുന്നതായും വീഡിയോയിൽ കാണാം.

ട്രെയിൻസ് ഓഫ് ഇന്ത്യ എന്ന എക്‌സ് അക്കൗണ്ടിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ സോഷ്യൽമീഡിയയും രൂക്ഷവിമർശനവുമായി എത്തി.

ALSO READ- നൈറ്റ് ലൈഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ല; ഇത് ആവർത്തിച്ചാൽ നിയന്ത്രണങ്ങളും വർധിപ്പിക്കുമെന്ന് ഡിസിപി സിഎച്ച് നാഗരാജു
‘റെയിൽവേ ട്രാക്കിൽ പടക്കം പൊട്ടിക്കുന്ന യൂട്യൂബർ! ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാം, ദയവായി ഇത്തരം അക്രമികൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുക’- എന്നാണ് വീഡിയോ പങ്കിട്ട് പലരും കുറിക്കുന്നത്.

ഈ നിയമലംഘകന് എതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജരോടും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനോടും ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ നോർത്ത് വെസ്റ്റേൺ റെയിൽവേ നിർദേശിച്ചിട്ടുണ്ട്.

Exit mobile version