പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വീണ്ടും വെടിവെയ്പ്പ്; ഇത്തവണ ആക്രമണം ജാമിയ മിലിയ സര്‍വ്വകലാശാലയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വീണ്ടും വെടിവെയ്പ്പ്. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാല ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്. രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീന്ബാഗിലും വെടിവെപ്പുണ്ടായി.

ഇതിന് പിന്നാലെയാണ് ജാമിയ മിലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് സമീപവും വെടിവെപ്പുണ്ടായത്. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്നും അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version