വിമാനത്തിനകത്ത് വെച്ച് അര്‍ണബ് ഗോസ്വാമിയെ ട്രോളി; കുനാല്‍ കമ്രക്ക് എയര്‍ഇന്ത്യയുടെയും ഇന്‍ഡിയോ എയര്‍ലൈന്‍സിന്റെയും യാത്ര വിലക്ക്

ന്യൂഡല്‍ഹി: കൊമേഡിയന്‍ കുനാല്‍ കമ്രക്ക് എയര്‍ഇന്ത്യയും ഇന്‍ഡിയോ എയര്‍ലൈന്‍സും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. റിപബ്ലിക്ക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ചതിനായിരുന്നു യാത്രനിരോധനം. കുനാലിന്റെ വിമാനത്തിനുള്ളിലെ പെരുമാറ്റം സ്വീകാര്യമല്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

അര്‍ണബിന്റെ റിപബ്ലിക്ക് ടിവിയിലെ അവതരണ ശൈലിയെ പരിഹസിച്ച് അതെ രീതിയില്‍ തിരിച്ച് കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു കെമേഡിയന്‍ കുനാല്‍ കമ്ര അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ചത്. വിമാനത്തില്‍ വെച്ച് അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന വീഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് കുനാലിന് ഇന്‍ഡിഗോ നിരോധനം ഏര്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ മറ്റ് വിമാനക്കമ്പനികളും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ഇന്ത്യയും കുനാലിന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

കുനാലിന്റെ വിമാനത്തിനുള്ളിലെ ഇത്തരം പെരുമാറ്റം നിരുത്സാഹപ്പെടുത്തുന്നതിനായി യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയാണെന്നും ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ സസ്പെന്‍ഷന്‍ നിലനില്‍ക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ അറിയിച്ചു. ആറു മാസത്തെ സസ്‌പെന്‍ഷന് നന്ദിയുണ്ടെന്നായിരുന്നു ഇന്‍ഡിഗോയുടെ നടപടിയോട് കുനാലിന്റെ പ്രതികരണം.

മോഡിജി മിക്കവാറും എയര്‍ഇന്ത്യയെ എന്നന്നേക്കുമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നായിരുന്നു മറ്റ് വിമാന കമ്പനികളും കുനാലിനെതിരെ നടപടിയെടുക്കണമെന്ന മന്ത്രിയുടെ ആവശ്യത്തോട്, കൊമേഡിയന്റെ പരിഹാസ രൂപേണയുള്ള പ്രതികരണം.

Exit mobile version