അദ്ദേഹം ഒരു ‘നിസ്സഹായനായ മുഖ്യമന്ത്രി’; ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’യെന്ന് ശശി തരൂര്‍ പരിഹസിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ച് സംസാരിക്കരുതെന്നും വിദ്യാര്‍ത്ഥികളെ കാണരുതെന്നും നിങ്ങളോട് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിക്കുന്നു.

ജെഎന്‍യു വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് അരവിന്ദ് കെജ്രിവാളിനെതിരെ ശശി തരൂര്‍ പ്രതികരിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനോ അക്രമത്തെക്കുറിച്ച്‌ സംസാരിക്കാനോ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഒരു നിസ്സഹായനായ മുഖ്യമന്ത്രിയാണെന്നും ശശി തരൂര്‍ പറഞ്ഞു.

ജെഎന്‍യു സംഭവത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം. എന്നാല്‍ ആരുടെ ഉത്തരവാണ് കെജ്രിവാളിന് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

”പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാതിരുന്നാല്‍, എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഇദ്ദേഹത്തിന് വോട്ട് നല്‍കേണ്ടത്?” ശശി തരൂര്‍ ചോദിക്കുന്നു.

Exit mobile version