പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ

ന്യൂഡൽഹി: ജയിലിൽ വെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രമേഹം വർധിപ്പിക്കാനായി മധുരം കഴിക്കുകയാണെന്നും അതുവഴി ജയിൽ മോചനവും ലക്ഷ്യമിടുന്നെന്നുമുള്ള ഇഡിയുടെ വാദം തള്ളി അഭിഭാഷകൻ. കെജരിവാളിനായി വീട്ടിൽ നിന്ന് ജയിലിലേക്ക് എത്തിക്കുന്ന ഭക്ഷണം നിർത്താനുള്ള തന്ത്രമാണ് ഇഡിയുടെതെന്ന് അഭിഭാഷകൻ വിവേക് ജെയിൻ പറഞ്ഞു.

കെജരിവാൾ ഡോക്ടർമാർ നിർദേശിച്ച ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അഭിഭാഷകൻ അറിയിച്ചു. കെജരിവാൾ ജയിലിൽ വെച്ച് മാങ്ങയും മധുരപലഹാരങ്ങളും മധുരം ചേർത്ത ചായയും കഴിക്കുന്നുവെന്നാണ് ഇഡിയുടെ ആരോപണം. അങ്ങനെ പ്രമേഹം കൂട്ടി ജാമ്യം തരപ്പെടുത്താനാണ് കെജരിവാളിന്റെ നീക്കമെന്നാണ് ഇഡി കോടതിയിൽ പറഞ്ഞത്.

‘ഉയർന്ന തോതിൽ പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി മാങ്ങകൾ കഴിക്കുന്നു, പതിവായി മധുരം കഴിക്കുന്നു. പഞ്ചസാരയിട്ട ചായ കുടിക്കുന്നു…ഇതെല്ലാം ജാമ്യം തേടാനുള്ള തന്ത്രങ്ങളാണ്.’-എന്നാണ് ഇ.ഡിക്ക് വേണ്ടി ഹാജരായ സ്?പെഷ്യൽ പ്രോസിക്യൂട്ടർ സോഹെബ് ഹുസൈൻ വാദിച്ചത്.

ALSO READ- ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരി ആൻടെസയ്ക്ക് മോചനം; നാട്ടിലെത്തി; സ്വീകരണമൊരുക്കി വിദേശകാര്യമന്ത്രാലയം

അതേസമയം, തന്റെ പ്രമേഹനില സ്ഥിരമായി പരിശോധിക്കണമെന്നും ചികിത്സക്കായി ജയിലിൽ ഡോക്ടറെ അനുവദിക്കണമെന്നുമുള്ള കെജരിവാളിന്റെ ഹരജി ഡൽഹി കോടതി നാളെ പരിഗണിക്കും. മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജരിവാൾ തിഹാർ ജയിലിലാണുള്ളത്. ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടിയിരിക്കുകയാണ്.

Exit mobile version