കോടികളുടെ കുടിശ്ശിക: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്ക് ഇനി ടിക്കറ്റ് കടം നല്‍കില്ലെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ടിക്കറ്റ് കടമായി നല്‍കുന്നത് എയര്‍ ഇന്ത്യ നിര്‍ത്തി. ടിക്കറ്റ് നല്‍കിയ വകയില്‍ 268 കോടിയോളം രൂപ വിവിധ ഏജന്‍സികള്‍ നല്‍കാനുണ്ട്. ഈ കുടിശ്ശിക തീര്‍ത്താലേ ഇനി ടിക്കറ്റുകള്‍ നല്‍കൂവെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. ഇതാദ്യമായിട്ടാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇനി കടമായി ടിക്കറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനം എയര്‍ ഇന്ത്യ എടുക്കുന്നത്.

സിബിഐ, ഐബി, എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ്, കംസ്റ്റസ് കമ്മീഷണര്‍മാര്‍, സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഓഡിറ്റ് ബോര്‍ഡ്, കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ്, ബിഎസ്എഫ് തുടങ്ങിയ ഏജന്‍സികള്‍ ഇത്തരത്തില്‍ ടിക്കറ്റുകള്‍ കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്കായിരുന്നു എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ വായ്പയ്ക്ക് നല്‍കിയിരുന്നത്.

കഴിഞ്ഞ ആഴ്ച വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് 50 കോടിയോളം രൂപ തിരികെ പിടിച്ചിരുന്നു. പല ഏജന്‍സികളില്‍ നിന്നും പണം ലഭ്യമാകുന്നതിന് വലിയ കാലതാമസമാണ് വരുന്നത്. ഇത്തരം കര്‍ശന നടപടികളെടുക്കുകയല്ലാതെ തങ്ങള്‍ക്ക് പോംവഴിയില്ലെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

Exit mobile version