എല്ലാം പൊളിഞ്ഞിട്ടും ഇനിയും കള്ളം പറയണോ കേന്ദ്രസർക്കാരേ; ജനസംഖ്യാ രജിസ്റ്ററിനായി വിവരങ്ങൾ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററിന് വേണ്ടിയും; ആരോപണം ശരിവെച്ച് തെളിവുകൾ

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്റ്ററും രണ്ടും രണ്ടാണെന്നും ജനസംഖ്യാ രജിസ്റ്ററി(എൻപിആർ)നുള്ള വിവരങ്ങൾ ശേഖരിക്കുന്നത് പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കില്ലെന്നുമുള്ള കേന്ദ്രസർക്കാർ വാദങ്ങൾ പൊളിയുന്നു. എൻപിആറിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചിലഭാഗങ്ങൾ ജനങ്ങളിൽ സംശയമുയർത്തുകയാണ്. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ചുള്ള ചോദ്യങ്ങൾ എൻആർസി തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് സൂചന. നേരത്തെ, പുതിയ വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ശരിവെച്ച് നിരവധിപേർ രംഗത്തെത്തുകയും എൻപിആറിനായി വിവരങ്ങൾ ശേഖരിക്കാൻ വരുന്നവരോട് കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സാഹിത്യകാരി അരുന്ധതി റോയ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം കേന്ദ്ര ഏജൻസികൾ 2020ലെ ദേശീയ ജനസംഖ്യ രജിസ്റ്ററിനായി വ്യക്തികളിൽ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പർ, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം, അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം, ജനിച്ച സ്ഥലത്താണോ ഇപ്പോൾ താമസിക്കുന്നത്, അല്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാർ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, എന്നിവയുടെ നമ്പർ. എന്നാൽ ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളുടെ നമ്പർ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ മാത്രം കൈമാറിയാൽ മതി. നൽകുന്ന വിവരങ്ങൾ ഉറപ്പാക്കാൻ രേഖകൾ തെളിവായി കാണിക്കേണ്ടതുമില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല.

2020ലെ എൻആർപിക്ക് വേണ്ടിയുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30വരെ പൈലറ്റ് സർവ്വേ നടത്തിയിരുന്നു. ഈ സർവ്വേയിൽ പാൻ കാർഡ് വിവരം കൈമാറാൻ ജനങ്ങൾ താത്പര്യപ്പെടാത്തതിനാൽ അന്തിമ ചോദ്യാവലിയിൽ നിന്നും ഒഴിവാക്കി. 2010ലെ ചോദ്യാവലിയിൽ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020ൽ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, പുതുതായി വിവരങ്ങൾ തേടുന്നത് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനാണെന്ന് എകെ ആന്റണി ആരോപിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ഇപ്പോൾ ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം തരുന്ന വിവരങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തെ കേരളത്തിൽ എൻപിആർ വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തി നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

Exit mobile version