ഹൈദരാബാദ് ഏറ്റുമുട്ടല്‍; വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ, പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. ജഡ്ജിയുടെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഈ നിര്‍ദേശം നല്‍കിയത്.

കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി ഞങ്ങള്‍ വെക്കും. അദ്ദേഹം ഡല്‍ഹിയിലിരുന്നു കൊണ്ട് തന്നെ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു.

അതെസമയം കേസില്‍ സുപ്രീംകോടതി നാളെയും വാദം കേള്‍ക്കല്‍ തുടരും. അന്വേഷണ കമ്മീഷനെ സുപ്രീംകോടതി നാളെ നിശ്ചയിച്ചേക്കും.

Exit mobile version