21 ദിവസം കൊണ്ട് നേടിയത് 70 ലക്ഷം രൂപയുടെ ലാഭം; തേജസ് എക്‌സ്പ്രസിന് മികച്ച പ്രതികരണം

സര്‍വ്വീസ് ആരംഭിച്ച ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെയുള്ള കണക്കാണിത്

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസിന് 21 ദിവസം കൊണ്ട് 70 ലക്ഷം രൂപയുടെ ലാഭം. സര്‍വ്വീസ് ആരംഭിച്ച ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെയുള്ള കണക്കാണിത്.ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.

കേരളത്തിലടക്കം 150 സ്വകാര്യതീവണ്ടിസര്‍വീസുകള്‍ ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ആദ്യ ട്രെയിനിനു ലഭിച്ച മികച്ച പ്രതികരണം റെയില്‍വേയ്ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വ്വീസ്. ലഖ്നൗ-ഡല്‍ഹി പാതയിലാണ് തേജസിന്റെ യാത്ര.

ആഴ്ചയില്‍ ആറുദിവസമാണ് തേജസ് എക്സ്പ്രസ് സര്‍വ്വീസ് നടത്തുക. ചൊവ്വാഴ്ച സര്‍വ്വീസ് ഉണ്ടായിരിക്കില്ല. രാവിലെ 6.10 ന് ലഖ്നൗവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റാണ് യാത്രാസമയം. 3.35ന് ഡല്ഹിയില്‍ നിന്ന് മടങ്ങി ട്രെയിന്‍ രാത്രി 10.05ന് ലഖ്നൗവില്‍ തിരിച്ചെത്തും. എസി ചെയറിന് 1125 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Exit mobile version