അപേക്ഷാ ഫോം മുതൽ പരീക്ഷ നടത്തിപ്പ് വരെ തനിച്ച്; നിയമനവും നൽകും; റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ഷമീം തട്ടിയത് 200 കോടിയിലേറെ; ഡാൻസ് ബാറും പബ്ബും സ്വന്തമാക്കി

കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ പി ഷമീമിന്റെ തട്ടിപ്പ് രീതികൾ കേട്ട് ഞെട്ടി ഉദ്യോഗാർത്ഥികൾ. റെയിൽവേയിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലാണ് കാഞ്ഞങ്ങാട് കമ്മാടംകുളത്തിങ്കൽ വീട്ടിൽ പി ഷമീ(33)മിനെ കോട്ടയം പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

2014 മുതൽ ഇത്തരത്തിൽ ജോലി തട്ടിപ്പ് ആരംഭിച്ച പ്രതി ഇതുവരെ 200 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്ത് 300-ലേറെ പേരിൽനിന്ന് 150 കോടിയോളം രൂപയാണ് ഷമീം തട്ടിയത്. കോട്ടയത്തും നേരത്തെ സമാനരീതിയിൽ ലക്ഷങ്ങൾ തട്ടിയിരുന്നു. ഏറ്റവും ഒടുവിലായി 27 പേരാണ് ഇയാൾക്കെതിരേ പരാതി നൽകിയിരിക്കുന്നത്.

Read also-ധീരജവാന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു; ഏറ്റുവാങ്ങിയത് മന്ത്രിമാർ; വിലാപയാത്രയിൽ പങ്കെടുത്ത് സ്ത്രീകളും കുട്ടികളും

ഷമീം നേരത്തെയും സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോട്ടയത്ത് വെച്ച് ഷമീം പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേരാണ് വിളിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്‌കുമാർ പറഞ്ഞു.

കോട്ടയം, കുമരകം മേഖലയിൽനിന്നുള്ളവരാണ് നിലവിലെ പരാതിക്കാർ. 45 ലക്ഷത്തോളം രൂപ ഇവരിൽനിന്ന് മാത്രം കൈക്കലാക്കിയിട്ടുണ്ട്. റെയിൽവേയിൽ ക്ലാർക്ക്, ടിക്കറ്റ് എക്സാമിനർ, ലോക്കോ പൈലറ്റ്, അസി. സ്റ്റേഷൻ മാസ്റ്റർ, നഴ്സ് തുടങ്ങിയ തസ്തികകളിൽ ജോലി ഒഴിവുണ്ടെന്നും താൻ വിചാരിച്ചാൽ ജോലി ലഭിക്കുെന്നും വാഗ്ദാനം നൽകിയാണ് ഷമീം തട്ടിപ്പ് നടത്തിയിരുന്നത്. തന്റെ വലയിലാകുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാ ഫോം സ്വീകരിക്കുന്നതിനും പരീക്ഷ എഴുതിക്കുന്നതിനും ഫിസിക്കൽ ടെസ്റ്റ് നടത്തി നിയമന ഉത്തരവ് നൽകുന്നത് വരെ നീളുന്നതാണ് ഷമീമിന്റെ തട്ടിപ്പ് രീതി. ഉത്തരവുമായി നിയമനത്തിനായി റെയിൽവേ ഓഫീസിലെത്തുമ്പോൾ മാത്രമാണ് പലരും പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിയുക.

സ്വന്തമായി നിർമിച്ച വ്യാജ അപേക്ഷഫോമിന് നാലായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഏകദേശം ഇരുപതോ അതിലധികമോ പേരെ ആദ്യം വലയിലായവർ വഴി കണ്ടെത്തി കഴിഞ്ഞാലാണ് തട്ടിപ്പിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുക.

ബംഗളൂരുവിലെയോ മറ്റുനഗരങ്ങളിലെയോ സ്വകാര്യ ഹോട്ടലിലോ മറ്റോ എത്തിച്ച്
ഒഎംആർ ഷീറ്റ് നൽകി ഉദ്യോഗാർഥികൾക്ക് പരീക്ഷ നടത്തുന്നതാണ് തട്ടിപ്പിന്റെ രണ്ടാംഘട്ടം. ഉത്തരങ്ങളും ഇവർക്ക് നേരത്തെ തന്നെ നൽകിയിട്ടുണ്ടാകും. ഈ ഘട്ടത്തിൽ 20000 രൂപ മുതൽ 30000 രൂപ വരെ കൈക്കലാക്കും. ദിവസങ്ങൾ കഴിഞ്ഞാൽ ഫലപ്രഖ്യാപനവും പ്രതി തന്നെ അറിയിക്കും. ഇനി മെഡിക്കൽ ടെസ്റ്റുണ്ടെന്നും ഉദ്യോഗാർഥികളോട് എത്താനും പറയും.

ബംഗളൂരുവിലെ റെയിൽവേ ആശുപത്രിയിലേക്കാണ് മെഡിക്കൽ ടെസ്റ്റിനായി ഉദ്യോഗാർഥികളെ കൂട്ടിക്കൊണ്ടുപോവുക. ആശുപത്രി പരിസരത്ത് ഉദ്യോഗാർഥികളെ നിർത്തിയശേഷം അകത്തുപോയി സർട്ടിഫിക്കറ്റുകളെല്ലാം ശരിയാക്കിവരാമെന്ന് പറ
ഞ്ഞ് അകത്ത് പോകുന്ന പ്രതി തുടർന്ന് നേരത്തെ കൈയിൽ കരുതിയ വ്യാജ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും നൽകും. ബാക്കി പണവും ഈടാക്കും. ഇതിനുശേഷം സ്വന്തമായി നിർമിച്ച വ്യാജ നിയമന ഉത്തരവുകളും കൈമാറും. ഈ ഉത്തരവുമായി ജോലിക്ക് കയറാൻ പോകുമ്പോളാണ് തട്ടിപ്പായിരുന്നെന്ന് ബോധ്യപ്പെടുക.

കോട്ടയത്തെ പുതിയ കേസിൽ ഈ ഘട്ടം വരെ എത്തിയില്ലെന്നാണ് പോലീസ് പറയുന്നത്. നിയമന ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചിലർക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

2012-13 കാലത്ത് മംഗള എക്സ്പ്രസിലെയും മറ്റു ട്രെയിനുകളിലെയും പാൻട്രി കാറിൽ ജോലി ചെയ്തതാണ് ഷമീമിന്റെ റെയിൽവേ ബന്ധം. ഈ സമയത്ത് ഒരു ടിടിഇയുടെ യൂണിഫോം മോഷ്ടിച്ച് ധരിച്ച് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ടിക്കറ്റില്ലാത്തവരിൽ നിന്ന് ഫൈൻ ഈടാക്കിയാണ് ഷമീം തട്ടിപ്പിലേക്ക് ഇറങ്ങിയത്.

തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഷമീം ആഡംബര ജീവിതത്തിനായി വിനിയോഗിച്ചെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ബംഗളൂരുവിൽ ആഡംബര ഫ്ളാറ്റുകളും പബ്ബുകളും ഡാൻസ് ബാറുകളും വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് ഡിവൈഎസ്പി അറിയിച്ചു.

Exit mobile version