ലോക്ക്ഡൗണ്‍: കേരളത്തിലൂടെയുള്ള 29 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 29 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ റദ്ദാക്കിയത്.

തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

Exit mobile version