ദമ്പതികള്‍ തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ യുവതിക്ക് വെടിയേറ്റു

സംഭവത്തെത്തുടര്‍ന്ന് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കുടുംബ വഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു. ന്യൂഡല്‍ഹിയിലെ നരേലയിലാണ് സംഭവം. നരേല സ്വദേശിനി രച്‌നയ്ക്കു നേരെയാണ് അയല്‍വാസിയായ ജാവേദ് വെടിയുതിര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അയല്‍വാസികളായ ജാവേദും ഭാര്യയും കലഹിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രശ്‌നം പരിഹരിക്കാനായി എത്തിയതായിരുന്നു രച്‌ന. എന്നാല്‍ രച്‌നയെ കണ്ടതോടെ ക്ഷുഭിതനായ ജാവേദ് അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടന്നതിന് പിന്നാലെ ജാവേദ് ഭാര്യയെ മാതാപിതാക്കളുടെ അടുത്തെത്തിച്ചശേഷം ഒളിവില്‍പോയി.
എന്നാല്‍ കുടുംബ പ്രശ്‌നങ്ങളോ വാക്കുതര്‍ക്കമോ ഉണ്ടായിട്ടില്ലെന്ന് ജാവേദിന്റെ ഭാര്യ പിന്നീട് പോലീസിനോട് പറഞ്ഞു.

പോലീസ് പിന്നീട് ജാവേദിനെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് വെടിയുണ്ടയുള്ള തോക്കും പോലീസ് പിടിച്ചെടുത്തു.ജാവേദിനെതിരെ നരേല പോലീസ് സ്റ്റേഷനില്‍ ആറ് കേസുള്ളതായി പോലീസ് പറഞ്ഞു. രച്‌ന അപടകനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Exit mobile version