വഴിയേത് പുഴയേതെന്നറിയാതെ സംശയപ്പെട്ട് ആംബുലന്‍സ്; വെള്ളത്തിലൂടെ ഓടി വഴികാട്ടിയായി കൊച്ചുബാലന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

പ്രളയകാലത്തെ നല്ല വാര്ത്തകളിലൊന്നായി മാറിയിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ വീഡിയോ

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പാലത്തിലൂടെ കവിഞ്ഞൊഴുകുന്ന പുഴ. എങ്ങും വെള്ളത്തിലിറങ്ങരുതെന്ന് മുന്നറിയിപ്പുകള്‍. ഇതിനിടെ വഴിയേത് പുഴയേതെന്നറിയാതെ സംശയപ്പെട്ട് രോഗിയുമായി നില്‍ക്കുന്ന ആംബുലന്‍സിന് വഴികാട്ടിയായി ഒരു കൊച്ചുബാലന്‍. വെള്ളം നിറഞ്ഞ പാലത്തിലൂടെ ഓടിയാണ് ധൈര്യശാലിയായ കുട്ടി ആംബുലന്‍സിന് വഴി കാണിച്ച് കൊടുത്തത്.

ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രളയകാലത്തെ നല്ല വാര്‍ത്തകളിലൊന്നായി മാറിയിരിക്കുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഈ വീഡിയോ. ദേവദുര്‍ഗ-യാദ്ഗിര്‍ റോഡിനു സമീപമുള്ള തടാകത്തിനു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ശക്തമായ മഴയെ തുടര്‍ന്ന് എങ്ങും വെള്ളം കയറി. കൃഷ്ണാനദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ തടാകത്തിലും വെള്ളം കയറി. ഈ തടാകത്തിന്റെ കുറുകെ നിര്‍മ്മിച്ച പാലവും പിന്നീട് വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിലാണ് രോഗിയുമായി ഒരു ആംബലന്‍സ് അതു വഴി വന്നത്.

എന്നാല്‍ വെള്ളം കയറിയത് കണ്ടപ്പോള്‍ ആംബുലന്‍സ് ഡ്രൈവറിന് പാലമേതാണ് പുഴയേതാണ് എന്ന് സംശയം തോന്നി. ഈ സമയത്താണ് ഒരു കൊച്ചുബാലന്‍ രക്ഷകനായി എത്തിയത്. ആംബുലന്‍സിനു മുമ്പില്‍ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ ഓടി ആംബുലന്‍സ് ഡ്രൈവറിന് വഴിയേതെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു. ഇടയ്ക്ക് ഒരിടത്തുവെച്ച് കുട്ടി വീഴുന്നതും കാണാം.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ട്വിറ്ററില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കുട്ടിയെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റുകളിട്ടു.

Exit mobile version