ഹണിമൂണ്‍ ആഘോഷത്തിനിടെ നവവരന്‍ കൊക്കയില്‍ വീണു; രക്ഷകയായി ഭാര്യ

കരീബിയ: ഹണിമൂണ്‍ ആഘോഷത്തിനിടെ കൊക്കയിലേക്ക് വീണ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച് ഭാര്യ. കരീബിയന്‍ ദ്വീപായ സെന്റ് കിറ്റ്‌സിലാണ് സംഭവം. അമേരിക്കന്‍ നവദമ്പതികളായ ക്ലേയും അക്കൈമിയുമാണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ സെന്റ് കിറ്റ്‌സില്‍ എത്തിയത്. മൗണ്ട് ലിയാമുയിഗ എന്ന അഗ്‌നിപര്‍വ്വതത്തിന് സമീപമായിരുന്നു ഹണിമുണ്‍ ആഘോഷം.

കാല്‍നടയാത്രയ്ക്കിടെ അഗാധ ഗര്‍ത്തത്തിലേക്ക് ക്ലേ വീണുപോകുകയായിരുന്നു. എന്നാല്‍ ധൈര്യം കൈവിടാതെ താഴേക്ക് ഇറങ്ങിയ അക്കൈമി, ക്ലേയെ രക്ഷപ്പെടുത്തി മുകളില്‍ എത്തിക്കുകയായിരുന്നു. ആ സമയത്ത് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാതിരുന്ന തന്നെ ഭാര്യ മുകളിലേക്ക് വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ പ്രവര്‍ത്തി തികച്ചും അവിശ്വസനീയമായിരുന്നുവെന്ന് ക്ലേ സിബിഎസ് ടിവി ചാനലിനോട് പറഞ്ഞു.

ക്രോഫോര്‍ഡ്സ്വില്ലെ ഇന്ത്യാനയില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. ജൂലൈ 18ന് രാവിലെ പ്രഭാതനടത്തത്തിനിടയിലാണ് അപകടമുണ്ടായത്. അഗ്‌നി പര്‍വ്വതത്തിനുള്ളിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവെയാണ് കാല്‍വഴുതി ഗര്‍ത്തത്തിലേക്ക് ക്ലേ പതിച്ചത്. നിലവിളി കേട്ട് താഴേക്ക് പിടിച്ചിറങ്ങിയ അക്കൈമി, ക്ലേ വീണുകിടക്കുന്നയിടത്തേക്ക് എത്തി. അപ്പോള്‍ തലയും ശരീരമാസകലവും മുറിവേറ്റ് ക്ലേ വേദനകൊണ്ട് പുളയുകയായിരുന്നു. താഴേക്കിറങ്ങിയ അക്കൈമി ക്ലേയെ പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നു. മൂന്നുമണിക്കൂര്‍കൊണ്ടാണ് മുകളിലെത്തിയത്.

ഉടന്‍ തന്നെ ക്ലേയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ക്ലേ, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഭാര്യ ജീവന്‍ രക്ഷിച്ച സംഭവം പുറംലോകത്തെ അറിയിച്ചത്.

Exit mobile version