‘രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു, ഞങ്ങൾ സുഖമായും ഒരുമിച്ചും കഴിയുന്നു’ കേരളത്തിലെ സഹായങ്ങൾക്ക് നന്ദിയോടെ സ്പാനിഷ് സഞ്ചാരി

സൈക്കിളിൽ ലോകം ചുറ്റുന്ന ദമ്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിസംബർ 21നാണ് ചാവക്കാട്ടുണ്ടായ അപകടത്തിൽപ്പെട്ട് പങ്കാളി ആശുപത്രിയിലായതോടെ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു സ്പാനിഷ് സഞ്ചാരിയായ ലൂയിസ്. ഇപ്പോൾ തന്റെ പ്രിയപ്പെട്ടവൾ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്ന സന്തോഷം പങ്കുവെയ്ക്കുകയാണ് ലൂയിസ്.

‘ഓരോ തവണയും ആശുപത്രിമുറിയുടെ അകത്തേക്ക് പോകുമ്പോൾ, (അവർ എന്നെ അകത്തേക്ക് കടത്തിവിടുമ്പോൾ), മരിയയെ കാണുമ്പോൾ, ഞാൻ അക്ഷരാർഥത്തിൽ എല്ലാം മറക്കുന്നു. ഞാൻ അവൾക്കുവേണ്ടി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ഇത് ഒരു നീണ്ട പ്രക്രിയയാണ്, പക്ഷേ ഞങ്ങൾ ഒരുമിച്ച് നേരിടാൻ പോകുന്നു’ ലൂയിസ് ട്വിറ്ററിലൂടെ കുറിച്ചു.

‘ഞങ്ങൾക്ക് ഒരു അപകടം സംഭവിച്ചു. മോട്ടോർ സൈക്കിളും കാറും എതിർദിശയിൽ ഇടിച്ചു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം കിട്ടിയപ്പോൾ തിരിഞ്ഞുനോക്കി. നടുറോഡിൽ മരിയ അലറിക്കരയുന്നത് കണ്ടു. ഞാൻ മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് അവളുടെ അടുത്തേക്ക് ഓടി. എനിക്ക് അവളുടെ കാലിലേക്ക് നോക്കാൻപോലും കഴിഞ്ഞില്ല. അതിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നു. സ്‌ട്രെച്ചറിൽ കയറ്റിയ ഉടനെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചു. തകർന്ന ഇടുപ്പെല്ലിനും ഒടിഞ്ഞ തുടയെല്ലിനും അന്നു രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു. ഞങ്ങൾ സുഖമായും ഒരുമിച്ചും കഴിയുന്നതിൽ നന്ദി പറയുന്നുവെന്നും ലൂയിസ് കുറിക്കുന്നു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയ നിലവിൽ ഐ.സി.യു.വിലാണ്. ആശുപത്രിക്കാർ മരിയയെ നന്നായി പരിചരിക്കുന്നുണ്ടെന്നും തനിക്ക് കിടക്കയുള്ള ഒരു മുറി കിട്ടിയിട്ടുണ്ടെന്നും ലൂയിസ് അറിയിച്ചു. കൂടാതെ കേരളത്തിനോടുള്ള നന്ദിയും പ്രത്യേകം അറിയിച്ചു. പുതുവർഷദിനത്തിൽ ഗോവയിലെത്തേണ്ടിയിരുന്നതിനാൽ ബെക്കിലായിരുന്നു ഇരുവരുടെയും യാത്ര. എതിർദിശയിലെത്തിയ കാറിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ മരിയയുടെ കാലിലെ എല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനും സാരമായി പരിക്കേറ്റു.

Exit mobile version