ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൊല്ലം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായത്. കിളികൊല്ലൂർ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖിൽ, പേരൂർ സ്വദേശി അജു , ഭാര്യ ബിൻഷ എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവർ എംഡിഎംഎ വിൽപന നടത്തിയത്. ഇവരിൽനിന്നും 19 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂർ പോലീസും കൊല്ലം സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് ലോഡ്ജിൽ പരിശോധന നടത്തിയത്.

ലോഡ്ജിന്റെ തൊട്ടടുത്ത് പ്രൊഫഷണൽ, ആർട്‌സ് കോളജുകളും സ്‌കൂളുകളുണ്ട്. ഇവിടെ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു.രണ്ട് മാസമായി ഇവർ ഷാപ്പ് മുക്കിലെ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം ചെയ്ത് വരികയായിരുന്നു. എം.ഡി.എം.എക്ക് ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നത്.

ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ഇവരുടെ അക്കൗണ്ടിലേക്കെത്തിയത്. പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

 

 

Exit mobile version