അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ ഇനിയും കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും

കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരത്തെ നേരിടാന്‍ ഇനിയും കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങും. ഇതിനായി ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. സമരത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് യാത്രാ പ്രശ്‌നം നേരിടുന്നത്. നിലവില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അതേസമയം സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് 49 ഷെഡ്യൂളുകള്‍ ആണ് മുമ്പ് ഉണ്ടായിരുന്നത്. ഇതിന് പുറമെ എറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് മൂന്ന് സര്‍വ്വീസുകള്‍ വീതവും കണ്ണൂര്‍,തലശേരി,തൃശ്ശൂര്‍,കോട്ടയം ഡിപ്പോകളില്‍ നിന്ന് 2 സര്‍വ്വീസുകള്‍ വീതവും ഇപ്പോള്‍ ദിവസേന നടത്തുന്നുണ്ട്.

‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ പരിശോധനയുടെ പേരില്‍ അന്തര്‍സംസ്ഥാന ബസുകളില്‍ നിന്ന് ഗതാഗതവകുപ്പ് അന്യായമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് നടത്തുന്ന സമരം മൂന്നു ദിവസം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്ന് സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. മൂന്നു ദിവസമായി തുടരുന്ന സമരത്തില്‍ 400 സ്വകാര്യ ബസുകള്‍ ആണ് പങ്കെടുക്കുന്നത്.

പരിശോധന നിര്‍ത്തിവയ്ക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം നിഷേധിച്ചിരിക്കുകയാണ്. അതേസമയം പരിശോധന തുടരുമെന്നും, ഒപ്പം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം അത് നടത്താമെന്നും ഗതാഗതമന്ത്രി നിലപാടെടുത്തു.

Exit mobile version